2023, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

ഗുരുദേവൻ
-ബാലകൃഷ്ണൻ മൊകേരി
നിങ്ങളുടെ പാണന്മാർ
പാടിനടക്കുമ്പോലെ,
അവഗണനയുടെ ചളിക്കുണ്ടിൽവീണ
ജനതയ്ക്ക്
നവോത്ഥാനത്തിന്റെ
മൃതസജ്ജീവിനിയേകിയ
വിപ്ലവകാരിയോ,
അവനവനെ കാട്ടിത്തരാൻ
കണ്ണാടി പ്രതിഷ്ഠിച്ച,
അനുയായികൾക്കുള്ളിൽ
അനുക്രമം വളരുന്ന
ഫാഷിസത്തിന്റെ കേൻസർ കണ്ട്,
മനംനൊന്ത് എല്ലാമുപേക്ഷിച്ച
സർവ്വസംഗ പരിത്യാഗിയോ,
വഴിയോരങ്ങളിലെ സിമന്റ് പ്രതിമകളോ,
തെരഞ്ഞെടുപ്പിലെ
തുറുപ്പുചീട്ടുകളോ
ഞങ്ങൾക്ക് ഗുരുദേവനല്ല !
ചതയം പിറക്കുന്ന നേരം
മതിലുകളിൽ
നിരനിരയായി കത്തിച്ചുവെച്ച
നൂറുകണക്കിന് മെഴുകുതിരികളാണ്,
നാട്ടിലെമ്പാടുമുള്ള
ഗുരുമഠങ്ങളിലെ ചതയദിനാഘോഷത്തിന്
നാക്കിലയിൽ വിളമ്പിത്തരുന്ന
പായസത്തിന്റെ ശർക്കരമധുരമാണ്
ഞങ്ങൾക്ക് ഗുരുദേവൻ !
അതുമാത്രമാണിന്ന്
ഞങ്ങളുടെ ഗുരുദേവൻ !
****************

 

May be art of 1 person and text

May be an image of 1 person and text that says 'Seven Leaf digital magazine എഡിറ്റർ കൃഷ്‌ണകുമാർ മാപ്രാണം 7025783216 കവിത ബാലകൃഷ്‌ണൻ മൊകേരി ഓണം ഓണത്തിനമ്മേടെ- യോമനക്കൊച്ചിന് എന്തൊക്കെ വേണമെൻ- പൊന്നുമോളേ? ഉമ്മറത്തിണ്ണയിൽ പൂക്കളം തീർക്കണം, ഓണപ്പുടവയും തന്നിടേണം, കൊച്ചേട്ടനൊന്നിച്ച് ചാടിക്കളിക്കണം മുത്തശ്ശിയമ്മേടെ പാട്ടുവേണം. വാഴയിലയിട്ട് സദ്യയുമുണ്ണണം, പാല്പായസം വേണം മൂക്കുമുട്ടെ, പിന്നെയെന്നച്ഛൻ്റെ തോളിൽക്കയറണം, മാറിൽക്കിടന്ന- ങ്ങുറങ്ങിടേണം! 541 സെവൻലീഫ് ഓണപതിപ്പ്/202 സെപ്‌തംബർ Ads'

 

സ്വാതന്ത്ര്യദിനം
ബാലകൃഷ്ണൻ മൊകേരി
സ്വാതന്ത്ര്യദിനമാണ്
നൂറ്റെട്ടുവയസ്സായ എരോമൻമാഷ്
കവലയിലെ ന്യൂജൻ കലാസമിതിവക
സ്വാതന്ത്ര്യദിനാഘോഷത്തിന്
സന്തോഷത്തോടെ പോക്വാണ്
ഉപ്പുകുറുക്കാൻ
പണ്ട് പയ്യന്നൂരിലേക്കുപോയആവേശം
കൂടെനടക്കുന്നു
പതാക ഉയർത്തണം,പ്രഭാഷണം വേണം
ഭാരവാഹികളുടെ നിർബ്ബന്ധമാണ്
ഈയിടെയായി പുറത്തിറങ്ങൽ
വല്ലപ്പോഴുമാണെങ്കിലും
ഒരു സ്വാതന്ത്ര്യസമരഭടന്
ആഗസ്റ്റ് 15 മൃതസഞ്ജീവനിയാണല്ലോ!
പുതുപിള്ളാരുടെ കലാസമിതിയാണ്
ഒതിയാർക്കമുള്ളോരാണ്
അല്ലെങ്കിൽ
സ്വാതന്ത്ര്യദിനാഘോഷം
അജണ്ടയിൽ വരില്ലല്ലോ !
പഴയകാല മൂപ്പിലാന്മാരെപ്പോലെ
കുടുമവളർത്തിയോരാണ്,
കാതിൽ കടുക്കനിടുന്നോരാണ്,
താടിനീട്ടിവളർത്തിയോരാണ്
എടവലത്തെ കേളപ്പന്റെ ആടിനെപ്പോലെ
എപ്പോഴുമെപ്പോഴും
എന്തെങ്കിലും ചവച്ചോണ്ടിരിക്കുന്നവരാണ്
ഇറുകിയ ഉടുപ്പുമിട്ട്
ബൈക്കുപറപ്പിക്കുന്നോരാണ്
കൂടിയിരിക്കുമ്പോഴും
മിണ്ടാട്ടമില്ലത്തവരാണ്,
മൊബൈൽഫോണിനോടുമാത്രം
കളീംചിരീം നടത്തുന്നോരാണ്
പുതിയ പിള്ളേര്ക്കെല്ലാം
ഒരേ മുഖമാണ്
അവർക്കൊന്നും സാമൂഹ്യബോധമില്ലെന്ന്
ഉത്തരവാദിത്തമില്ലെന്ന്
ചിന്തിച്ചുപോയതേ പാപമാണ് !
എന്തുനല്ല പിള്ളേരാണ്,
ത്രിവർണ്ണക്കടലാസുകളും ബലൂണുകളുംകൊണ്ട്
കലാസമിതിക്കെട്ടിടം അലങ്കരിച്ചിട്ടുണ്ട്
മുന്നിൽപതാകഉയർത്താൻ കാലുനാട്ടീട്ടുണ്ട്
വേദിയിൽ മൈക്കും കസാരകളുമുണ്ട്
മത്സരത്തിൽ പങ്കെടുക്കാനായി
അസംഖ്യം കുഞ്ഞുപിള്ളാരെത്തീട്ടുണ്ട്
അപ്പുറത്തെ ചായ്പിൽ
പുകയുണ്ട്,മണമുണ്ട്
പായസം പാകമാവുന്നുണ്ട് !
മത്സരത്തിനെത്തിയ പിള്ളേർ
അക്ഷമരാവുന്നുണ്ട്
സിനിമാറ്റിക് ഡാൻസിന്നായി അവർക്ക്
ഇറുകിയവേഷമുണ്ട്
എന്നാലും ഈ പിള്ളേർ
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ട്
അതിലൊരു പ്രതീക്ഷയുണ്ട്
എരോമൻമാഷിന്റെ മനസ്സിൽ
ക്വിറ്റിന്ത്യാക്കാലമുദ്രാവാക്യങ്ങൾ
ജീവൻവയ്ക്കുന്നുണ്ട്!
ഒമ്പതുമണിക്ക് പതാകയുയർത്തുമ്പോൾ
ഗാന്ധിജിയെക്കണ്ട അതേ ആവേശം
എരോമൻമാഷുടെ മെയ്യിലാകെ
പടരുന്നുമുണ്ട്
പ്രസംഗവേദിയിൽ
യുവത്വം മാഷിൽ കത്തിപ്പടരുകയായിരുന്നു!
സമരദിനങ്ങളെപ്പറ്റി, രക്തസാക്ഷികളെപ്പറ്റി
ദേശാഭിമാനത്തെപ്പറ്റി
എരോമൻമാഷ് ഇടറാതെ പറയുമ്പോള്,
കൊടിമരച്ചോട്ടിൽ
സെൽഫിയെടുക്കുന്ന ബഹളമായിരുന്നു
നോക്കൂ പിള്ളേർക്കല്ലാം
ദേശീയപതാകയോടെന്തു ബഹുമാനമാണെന്ന്
നിരൂപിച്ചനേരം
സമിതിയുടെ കാര്യദർശിവന്ന്
നിർത്താൻ പറയുന്നു ചെവിയിൽ.
മത്സരപരിപാടിയാണ് മുഖ്യമെന്നും
സമയം വൈകിയാൽ കുഴപ്പമാവുമെന്നും
പായസം കാലമായെന്നും,
മധുരംപറ്റുമെങ്കിൽ
ഒരുകപ്പു പായസംകുടിച്ചിട്ട് പോകാമെന്നും
എരോമൻമാഷിന്റെ വായടഞ്ഞുപോകുന്നു
പായസംവേണ്ടെന്നു തിരിച്ചുപോകുമ്പോൾ
ഗാന്ധിവധം നടന്നതറിഞ്ഞ
ദിവസത്തിലെന്നപോലെ
ഒരു തളർച്ചവന്ന്
എരോമൻമാഷെ ചുറ്റിപ്പിടിക്കുകയായിരുന്നു.
അപ്പോള് സമിതിയുടെ വേദിയിൽ
സിനിമാറ്റിക് ഡാൻസ് തിരയിളക്കുകയായിരുന്നു!
*********************************************

 

കമ്പികെട്ടിയ മാവ്
ബാലകൃഷ്ണൻ മൊകേരി
എൻ്റെവളപ്പിൽ, പിതാമഹരെപ്പോഴോ
മാങ്ങയശി,ച്ചങ്ങെറിഞ്ഞതാം വിത്തുകൾ
മാവായ് കിളിർത്തു,മരം വളർന്നങ്ങനെ
എന്നയൽക്കാരൻ്റെ വീട്ടിനു ചായവേ,
വർഷമെത്തുമ്പോ,ളതിൻ്റെ പിന്നാലെവ-
ന്നെത്തും ചുഴലി പിടിച്ചങ്ങുലയ്ക്കയായ് !
ആധിയോടെത്തി,യയൽവാസിയെന്നോടു
ഭീതിയകറ്റാൻ വഴിതേടിനില്ക്കവേ,
മാമ്പഴമോഹം മുറിച്ചുമാറ്റീടാതെ
കെട്ടിയകറ്റുവാൻ മാർഗ്ഗംതിരഞ്ഞു ഞാൻ !
കണ്ണിയറ്റുള്ള പഴയചെരിപ്പുകൾ ,
മാന്തടിചേർത്തങ്ങുചുറ്റിലുംവെച്ച,തിൽ
കമ്പിയാൽ കെട്ടി, വലിച്ചങ്ങുമാറ്റുവാൻ
ആളെയൊരുക്കിഞാൻ, ചായ് വുനീർത്താരവർ !
എന്തൊരഴകാണു,കാണുവാൻ നെക്ലേസു-
പോലെയുണ്ടെന്നെൻ്റെ മാവിനോടോതിഞാൻ !
( നോവിൻ്റെ വേദനയൊപ്പിയെടുക്കുവാ-
നാശ്വസിപ്പിക്കുന്ന വാക്കുകളെങ്ങുപോയ് ?
ഉള്ളിലെത്തേങ്ങലൊളിക്കുവാനാവുന്ന
വാക്കുകൾ കാണുമോ നമ്മുടെ ഭാഷയിൽ ? )
മാമ്പഴക്കാലം ചിലതുകഴിയവേ,
കമ്പിയും മാവുമെന്തായെന്നു നോക്കിഞാൻ
ബന്ധനം സ്വന്തംതടിയിൽ ലയിപ്പിച്ചു
കൂസലില്ലായ്മയണിഞ്ഞുനില്ക്കുന്നവൾ!
ഏതു നിയന്ത്രണമാമടിമത്തവും
ചേലെന്നു സ്വന്തമുയിരോടുചേർക്കുന്ന
മാനവർ പോലെയോ മാവും മരങ്ങളും,
പാരതന്ത്ര്യത്തിൻ്റെ പാഴ്ക്കുഴലൂത്തുകാർ !
ചുമ്മതാതെയോർത്തുഞാ,നെൻ്റെ കഴുത്തിലു-
മുണ്ടോ തുടരിൻ നിയന്ത്രണപ്പാടുകൾ ?
*****************************************

 

 

May be an image of water hyacinth, grass and text
കുടിയേറ്റപ്പൂക്കള്‍

2023, ജൂലൈ 5, ബുധനാഴ്‌ച

 

കവിത)
ഡ്രാക്കുളപ്രഭു
ബാലകൃഷ്ണൻ മൊകേരി
കൊട്ടുവണ്ടി*യിൽ, എന്നോ
നിറച്ച മണ്ണുമായ്
ഡ്രാക്കുളപ്രഭുവിതാ
നില്ക്കുന്നുണ്ട് മുന്നിൽ !
ഓർമ്മയിൽപ്പോലും
കൃഷിചെയ്യാത്ത വയലൊന്നീ-
പ്രഭുവിൻപേരിൽ
മുദ്രപത്രത്തിൽ പതിച്ചത്രേ!
ആ വയൽ നികത്തുവാൻ
മണ്ണുമായെത്തീ സാക്ഷാൽ
ഡ്രാക്കുളപ്രഭു,വെന്നാൽ
നില്ക്കുന്നു മുന്നിൽ ഞങ്ങൾ,
ധീരമായ് തടയുന്നൂ!
ഈ വയൽ നികത്തിയാൽ
മുട്ടില്ലേ കൃഷി,ഞങ്ങൾ
കാർഷിക സംസ്കാരത്തെ
മനസ്സാ പൂജിക്കുവോർ!
കിണറിൽ ജലം വറ്റും,
മാറിടുമൃതുക്കളും,
വായുവിൻ നിലമാറും,
നശിക്കും നാടും , നാട്ടു
വഴക്കങ്ങളും മാറും !
കോമ്പല്ലിൽ ചിരിതേച്ചു
ഡ്രാക്കുള മൊഴിയുന്നൂ
നിങ്ങളൊക്കെയും തെറ്റി-
ദ്ധാരണപുലർത്തുവോർ !
വികസന നിനവുകൾ
പുതുക്കാത്തവർ,എന്നും
പഴമ മാത്രം സ്വന്തം
ചിന്തയാൽ ലാളിക്കുവോർ!
ഈ വയൽ നികത്തി
ഞാൻ
പടുക്കും കൃഷിയിടം,
അവിടെ വിതയ്ക്കുന്ന
രക്ഷസ്സുവിത്തിൽനിന്ന്
ഈരിലത്തൊഴുകൈയോ-
ടുണരുന്നതീ നാടിൻ
രുധിര സംസ്കാരങ്ങൾ,
നാടിന്റെ പരം പുണ്യം !
എന്തിനു തടയണം?,
കൂടുവിൻ കൂടെ,നമു-
ക്കിവിടം ഹ്ലാദത്തിന്റെ
നാകങ്ങൾ പണിതിടാം !
ഡ്രാക്കളയ്ക്കൊപ്പം ഞങ്ങൾ
പാനോപചാരം ചെയ്തു
വെക്കുന്ന ചുവടുകൾ
നൃത്തമായ്ത്തീരുന്നേരം,
കാണുന്നു,നാട്ടിൻ നാനാ-
മൂലയിൽനിന്നും കണ്ണു-
പൊത്തിയങ്ങോടുന്നല്ലോ
പിതൃക്കൾ,പ്രേതാത്മാക്കൾ !
***********************
കൊട്ടുവണ്ടി* ടിപ്പർലോറി